ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം- സ്ഥാപന ചരിത്രം-
ഭൂപ്രകൃതി, ജനപ്രകൃതി,ജലപ്രകൃതി
പ്രസിദ്ധ പുണ്യ നദിയായ പമ്പയുടെ തെക്കുഭാഗത്തായി റാന്നി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. ഒരു കാലത്ത് വന്‍കാടുകള്‍ നിറഞ്ഞ ഈ പ്രദേശം ഇപ്പോള്‍ വനരഹിത പ്രദേശമായി മാറിയിരിക്കുന്നു. പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ കിഴക്കു പടിഞ്ഞാറായി തെക്കുവടക്ക് നീണ്ടുകിടക്കുന്നതാണ് റാന്നി ഗ്രാമപഞ്ചായത്ത്. 15.64 ച.കിലോമീറ്റര്‍ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്തിന് ഭൂപ്രകൃതിയനുസരിച്ച് 4-ആയി തരംതിരിക്കാം.
ഭൂപ്രകൃതി
15.64 ച.കി.മി വിസ്തൃതിയുളള പഞ്ചായത്താണ് റാന്നി കാര്‍ഷിക മേഖല നേരിടുന്ന പൊതുപ്രശ്നം വന്യജീവികളുടെ ആക്രമണം കാരണമുളള വിള നശീകരണമാണ്. കര്‍ഷകതൊഴിലാളികളുടെ ദൗര്‍ലഭ്യം ഈ മേഖലയുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. നെല്‍കൃഷി പഞ്ചായത്തില്‍ നിന്നും പൂര്‍ണ്ണമായും അപ്രത്യക്ഷ മായിക്കഴിഞ്ഞു എന്നു തന്നെ പറയാം. വളരെ വിശാലമായിക്കിടന്ന നെല്‍പ്പാടങ്ങള്‍ തരിശു നിലങ്ങളായി മാറി. എന്നാല്‍ വാഴകൃഷി ,കുരുമുളക്, റബര്‍ എന്നിവ വര്‍ദ്ധിച്ചിട്ടുണ്ട്. ഭക്ഷ്യോത്പാദനത്തിന്‍റെ കാര്യത്തില്‍ നാം സ്വയം പര്യാപ്തരല്ല. നാണ്യ വിളകളുടെ കടന്നു കയറ്റവും തൊഴിലാളി ക്ഷാമവുമാണ് ഇന്നത്തെ അവസ്ഥക്കു കാരണം. നിലവില്‍ 900 ഹെക്ടറില്‍ റബറും 15 ഹെക്ടറില്‍ കുരുമുളകും 40 ഹെക്ടറില്‍ തെങ്ങും 10 ഹെക്ടറില്‍ കശുമാവും 7 ഹെക്ടറില്‍ കമുകും 18 ഹെക്ടറില്‍ കൈതച്ചക്കയും 5 ഹെക്ടറില്‍ മാവും 7 ഹെക്ടറില്‍ മാവും 7 ഹെക്ടറില്‍ പ്ളാവും 5 ഹെക്ടറില്‍ വെറ്റിലയും കൃഷി ചെയ്തു വരുന്നു.
റാന്നി ഗ്രാമപഞ്ചായത്ത് തികച്ചു ഒരു കാര്‍ഷിക ഗ്രാമപഞ്ചായത്താണ്. ഗ്രാമപഞ്ചായത്തിലെ 80 ശതമാനം ആളുകളും ഉപജീവനത്തിനായി പ്രത്യക്ഷമായോ പരോക്ഷമായോ കൃഷിയെ ആശ്രയിക്കുന്നു. നാളീകേരം, മരച്ചീനി, വാഴ, പയര്‍ വര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറി എന്നീ ഭക്ഷ്യവിളകളുടെ ഉല്‍പാദന മുരടിപ്പും, ഉല്‍പാദന ക്ഷമതയുടെ കുറവും ഈ രംഗത്തെ പ്രധാന വെല്ലുവിളികളാണ്. ഇലചുരുട്ടിപ്പുഴു, ചാഴി, തണ്ടുതുരപ്പന്‍, കുറുനാമ്പ്, മാണപ്പുഴു,ചെല്ലി, മണ്ഡരി, എന്നീ രോഗങ്ങളും ജൈവവള പ്രയോഗത്തിന്‍റെ കുറവും നീര്‍ക്കട്ടും മണ്ണൊലിപ്പും കൃഷിയില്‍ നിന്നും കര്‍ഷകരെ പിന്‍തിരിപ്പിക്കുന്നു. ആയതിനാല്‍ കര്‍ഷകര്‍ നാണ്യവിളയായ റബര്‍ ഉത്പാദനത്തിലേക്ക് തിരിയുന്നു. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ റബറിന്‍റെ വിലയിടിവ് റബര്‍ കര്‍ഷകര്‍ക്ക് ഒരു തീരാശാപമായ് നിലനില്‍ക്കുകയാണ്.
ജനപ്രകൃതി
2011 ലെ സെന്‍സസ് അനുസരിച്ച് റാന്നി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 13445 ആണ്. ഒരു വീടിന് ശരാശരി 6 എന്നതാണ് ജനസംഖ്യ വിതരണം. ജനങ്ങളുടെ പ്രധാനപ്പെട്ട ഉപജീവനമാര്‍ഗ്ഗം കൃഷി ആണ്. ഭക്ഷ്യ വിളകളുടെ ഉത്പാദനം ലാഭകരമല്ലാത്തതിനാല്‍ കര്‍ഷകര്‍ നാണ്യ വിള കൃഷിയെ ആശ്രയിക്കുന്നു. നാണ്യ വിളകളില്‍ റബ്ബര്‍ കൃഷിയാണ് പ്രധാനപ്പെട്ടത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം കൂടുതലാണ്. ടാപ്പിംഗ്, കെട്ടിട നിര്‍മ്മാണം എന്നീ മേഖലയിലാണ് തൊഴിലാളികളില്‍ ഭൂരിപക്ഷവും ഉപജീവന മാര്‍ഗ്ഗമായി കണ്ടെത്തിയിരിക്കുന്നത്. എല്ലാ വിഭാഗത്തിലും പെട്ടയാളുകള്‍ നൂറ്റാണ്ടുകളായി മതനിരപേക്ഷ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ട് ഒരുമയോടെ കഴിയുന്നു. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍, കലാപങ്ങള്‍ എന്നിവ ഒരിക്കല്‍ പോലും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അയിത്തം പോലുള്ള ആചാരങ്ങള്‍ റാന്നി ഗ്രാമപഞ്ചായത്തില്‍ ഇല്ല. എല്ലാ വിഭാഗം ജനങ്ങളും വിദ്യാഭ്യാസ സാംസ്കാരിക പുരോഗതി നേടിയവരാണ്.ആദിവാസി വിഭാഗത്തില്‍പ്പെട്ട മലവേടര്‍ ഉതിമൂട്ടില്‍ കോളനിയായി താമസിക്കുന്നു. ഇവര്‍ സമൂഹത്തിന്‍റെ മുഖ്യധാരയിലാണ്.
ജലപ്രകൃതി
വര്‍ഷത്തില്‍ ശരാശരി 3200 എം എം മഴ റാന്നി ഗ്രാമപഞ്ചായത്തില്‍ ലഭിക്കുന്നു. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം നമ്മുടെ പഞ്ചായത്തില്‍ പ്രകടമായി അനുഭവപ്പെടുന്നുണ്ട്. ജനുവരി മുതലുളള 6 മാസം പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നു. വര്‍ഷം മുഴുവനും നീരൊഴുക്കുള്ള ഒരൊറ്റ നീര്‍ച്ചാല്‍ പോലും റാന്നി ഗ്രാമപഞ്ചായത്തില്‍ ഇല്ല.പമ്പാ നദി മാത്രമാണ് പഞ്ചായത്തിന് ആശ്രയിക്കാവുന്ന ഏക ജലസ്രോതസ്സ്. കാലവര്‍ഷവും, തുലാവര്‍ഷവും പഞ്ചായത്തില്‍ ലഭിക്കുന്നുണ്ടെങ്കിലും കുടിവെള്ള ക്ഷാമം നേരിടേണ്ടി വരുന്ന പഞ്ചായത്താണ് റാന്നി.
വേണ്ടത്ര വ്യവസായ പുരോഗതി നേടിയ പഞ്ചായത്തല്ല റാന്നി. റബ്ബര്‍ അധിഷ്ഠിത വ്യവസായം, ചെറുകിട സ്വയം തൊഴില്‍ മേഖല, കാര്‍ഷിക ഉത്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന യൂണിറ്റുകള്‍ എന്നിവ തുടങ്ങാനുള്ള സാദ്ധ്യത ഉണ്ട്. 1996 -ല്‍ കേരളത്തിലെ ജനാധിപത്യ രാഷ്ട്രീയ സാമ്പത്തിക, സാംസ്കാരിക, വികസന മേഖലകളില്‍ നിലനിന്നിരുന്ന മാമൂലുകളെയൊക്കെ തകിടം മിറച്ചു കൊണ്ട് പുതിയൊരു യുഗത്തിനു നാന്ദികുറിച്ച് കൊണ്ട് ജനകീയാസൂത്രണ പരിപാടി ആരംഭിച്ചു. 8-ാം പദ്ധതി വരെ രാജ്യപുരോഗതിക്കായി ധാരാളം പദ്ധതികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുകയുണ്ടായി. രാജ്യം മേല്‍ തട്ടില്‍ പുരോഗമിക്കുമ്പോള്‍ വികസനത്തിന്‍റെ ഫലങ്ങള്‍ താഴെതട്ടിലേക്ക് താനെ കിനിഞ്ഞിറങ്ങുമെന്നു നമ്മള്‍ കരുതിയെങ്കിലും അത് നടപ്പിലായില്ലെന്നു മാത്രമല്ല ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരുമായ വിപരീത സാമ്പത്തിക ഫലമാണ് പദ്ധതികളുടെ ഫലമായി രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകത, ജനങ്ങളുടെ ജീവിതരീതി എന്നിവയ്ക്കനുസരിച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും അനുഭവപ്പെടുന്ന വികസന വെല്ലുവിളികള്‍ വ്യത്യസ്തമായതിനാലും ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ക്ക് ഏകീകൃത സ്വഭാവം ഇല്ലാത്തതിനാലും നമ്മള്‍ സ്വീകരിച്ചു പോന്ന വികസന പ്രക്രീയ അപൂര്‍ണ്ണമായി തന്നെ തുടര്‍ന്നു.
അതുകൊണ്ട് ഓരോ പ്രദേശത്തിനും യോജിച്ച രീതിയില്‍ പ്രദേശങ്ങളുടേയും ജനങ്ങളുടേയും പ്രശ്നങ്ങള്‍ മനസ്സിലാക്കി അവരുടെ കൂടി നിര്‍ദ്ദേശം അനുസരിച്ച് വികസന പ്രക്രീയ പുനര്‍ നിര്‍വ്വഹിക്കണം എന്ന ഇ.കെ നായനാരുടെ നേതൃത്വത്തില്‍ കേരള സര്‍ക്കാരിനുണ്ടായ തിരിച്ചറിവാണ് കേരളത്തില്‍ അധികാര വികേന്ദ്രീകരണത്തിന്‍റെ നാഴിക കല്ലായി മാറിയ ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിക്കാന്‍ കാരണമായത്.
ജനകീയാസൂത്രണ പരിപാടി കേരള സംസ്ഥാനത്ത് ആരംഭിച്ചപ്പോള്‍ ശ്രീമതി.ലില്ലിക്കുട്ടി ശാമുവല്‍ അദ്ധ്യക്ഷതയായുള്ള ഭരണ സമിതിയാണ് റാന്നി ഗ്രാമപഞ്ചായത്തില്‍ അധികാരത്തിലുണ്ടായിരുന്നത്. രാഷ്ട്രീയ, ജാതി, മത വേര്‍തിരിവുകളില്ലാതെ റാന്നി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും മുന്‍ നിരയില്‍ നിര്‍ത്തി സഹകരിപ്പിച്ചു കൊണ്ടാണ് ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ജനകീയാസൂത്രണ പരിപാടിയുടെ പ്രചാരണം, നടത്തിപ്പ് ഗ്രാമസഭയുടെ വിജയകരമായ പ്രവര്‍ത്തനം എന്നിവയില്‍ സഹകരിച്ച ധാരാളം ആളുകളെ ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതായിട്ടുണ്ട്. ജനകീയാസൂത്രണത്തിന്‍റെ മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആളുകള്‍ പിന്നീട് ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് റാന്നി ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പരിപാടിക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്ന് നിസ്സംശയം പറയാം. 2000-ല്‍ ഡോ.വി.ആര്‍ മോഹനന്‍ നായര്‍ക്കു ശേഷം ശ്രീ.പി.ആര്‍ പ്രസാദ് റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി.ആ കാലയളവില്‍ പത്തനംതിട്ട ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിക്ക് റാന്നി ഗ്രാമപഞ്ചായത്ത് അര്‍ഹമായി. പദ്ധതിരേഖ നടപടികള്‍ പൂര്‍ത്തീകരിച്ച് സമയ ബന്ധിതമായി സമര്‍പ്പിക്കുന്ന ജില്ലയിലെ 5 പഞ്ചായത്തുകള്‍ക്കൊപ്പമായിരുന്നു റാന്നി ഗ്രാമപഞ്ചായത്ത്.ശ്രീ.പി.കെ സുധാകരന്‍,ശ്രീ. പ്രദീപ്, കിഴക്കേവിളയില്‍, ശ്രീമതി. ശശികല രാജശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള റാന്നി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും അധികാര വികേന്ദ്രീകരണ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി.ഈ കാലയളവിലെ ഭരണ സമിതിയെ സംബന്ധിച്ച പൂര്‍ണ്ണ വിവരം റാന്നി ഗ്രാമപഞ്ചായത്തിന്‍റെ വിശദമായ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഒട്ടേറെ മാതൃകാപരമായ പ്രോജക്ടുകള്‍ ജനകീയാസൂത്രണത്തിന്‍റെ ഭാഗമയി നടപ്പിലാക്കിയിട്ടുണ്ട്. ബഹുമാനപ്പെട്ട കേരള സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ശ്രീ. പാലോളി മുഹമ്മദ് കുട്ടിയാണ് റാന്നി ഗ്രാമപഞ്ചായത്തിന്‍റെ വികസന രേഖ പ്രകാശനം ചെയ്തു കൊണ്ട് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. ഇപ്പോഴും മാതൃകാ പരമായി പ്രവര്‍ത്തിക്കുന്ന മലമണ്ണേല്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തത് ആദരണീയനായ അന്നത്തെ പ്രതിപക്ഷ നേതാവ് സ.വി.എസ് അച്ചുതാനന്ദനാണ്. 40 ലോക രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത അന്തര്‍ദേശീയ ജനകീയാസൂത്രണ സെമിനാറില്‍ റാന്നി ഗ്രാമപഞ്ചായത്തില്‍ നിന്നും ക്ഷണിതാക്കളായ പ്രതിനിധികള്‍ പങ്കെടുത്തു എന്നത് അഭിമാനത്തോടെ ഓര്‍ക്കുകയാണ്. തുടര്‍ന്നും ജനകീയാസൂത്രണത്തിന്‍റെ ഉത്തമ മാതൃകയായി റാന്നി ഗ്രാമപഞ്ചായത്തിന്‍റെ പ്രവര്‍ത്തനങ്ങളെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നമുക്ക് ഒത്തു ചേരാം.